Monday 25 July 2011

Nirmala Putul Santali poet. സന്താളികവിത - നിര്‍മ്മല പുതുല്‍

                              സന്താളി കവിത 

             ഞാന്‍ നീ കരുതുന്നതുപോലൊരാളല്ല.

                                 നിര്‍മ്മല പുതുല്‍

      നിര്‍മ്മല പുതുല്‍ ഝാര്‍ഖണ്ഡിലെ ആദിവാസി ഗോത്രങ്ങളില്‍ പെട്ട  കവയത്രി ആണ്. ലിപിയില്ലാത്ത സന്താളി ഭാഷ സംസാരിക്കുന്ന അവര്‍ ആരോഗ്യ വകുപ്പില്‍ ജീവനക്കാരി ആയിരുന്നു. ' ആദിവാസികളുടെ അംഗവിച്ഛേദത്തിന്റെ വേദനയാണ് തങ്ങളുടെ കവിതയിലെന്ന് വിനായക് തുകാറാം എന്ന ആദിവാസി കവി പറയുന്നുണ്ട്.  തങ്ങള്‍ എന്നും പ്രകൃതിയോടുള്ള ലയത്തിലും പരിസ്ഥിതി സംരക്ഷണത്തിലും മനുഷ്യ സമത്വത്തിലും ഊന്നിയ  മൂല്യബോധം പുലര്‍ത്തിയിരുന്നുവെന്ന്  പുതിയ സാഹചര്യത്തില്‍ അവര്‍ തിരിച്ചറിയുന്നു. ചൂഷണവും ഹിംസയുമില്ലാത്ത ഒരു ലോകം അവര്‍ സ്വപ്നം കാണുന്നു. നിര്‍മ്മല പുതുല്‍, രാംദയാല്‍ മുണ്ഡാ, മാമംഗ് ഭായ്, പോള്‍ലിംഗേഡോ, കിംഫാം നോങ്കിന്‍ റി , ഡെസ് മോണ്ട് വെര്‍മോഫ്‌ളോണ്ട്, അനില്‍ ബോഡോ തുടങ്ങിയ കവികളില്‍ ആദിവാസികളുടെ മിഥക നിര്‍മ്മാണ ക്ഷമമായ കവി ഭാവന വര്‍ത്തമാന ജീവിത കാമനകളുടെ ആവിഷ്‌കാരത്തിനുള്ള മാധ്യമമാകുന്നു.' (സച്ചിദാനന്ദന്‍ അടിത്തട്ടുകള്‍ പേജ് 16 മാതൃഭൂമി ബുക്‌സ്) ഈ കവികളില്‍ ഏറ്റവും ശ്രദ്ധേയയായ കവയത്രി നിര്‍മ്മല പുതുലിന്റെ ഏതാനും കവിതകളുടെ മലയാള വിവര്‍ത്തനങ്ങള്‍:
       
                                          

     1)                          ഞാന്‍ നീ കരുതുന്നതുപോലൊരാളല്ല.      
                                                       
                                                      നിര്‍മ്മല പുതുല്‍
                                                   വിവ. ഡോ.എന്‍.എം.സണ്ണി,    
                                                   
 എനിക്കറിയാം,നീ എന്താണെന്നെക്കുറിച്ച് ചിന്തിക്കുന്നതെന്ന്
 ഒരുപുരുഷന്‍ സ്ത്രീയെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ.
          ഞാന്‍ നിന്നോടീ സംസാരിക്കുന്നവേളയിലും
          ഒരുപക്ഷേ എന്റെ വാക്കുകളിലൂടെ നീ അനുഭവിക്കുന്ന
          മാംസ ഗന്ധം നിന്നെ പുളകിതനാക്കുന്നുണ്ടാവും
 എന്നാലറിഞ്ഞു കൊള്ളുക
 നീ വായ് തോരാതെ സംസാരിക്കുമ്പോള്‍
 നിന്റെയുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വിടന്‍
 നിന്റെ ഭാഷയുടെ ദ്വാരത്തിലൂടെ ഒളിഞ്ഞ് നോക്കുകയാണെന്ന്
             ആഗ്രഹിക്കാതെ സഹായിക്കുമ്പോഴും
             ആവശ്യപ്പെടാതെ ഉപദേശം നല്‍കുമ്പോഴും
             ഞാനറിയുന്നു നിന്നുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മോഹം.
 അതുകൊണ്ടല്ലെ നീ പ്രശംസയുടെ പൊയ് പാലം ചമയ്ക്കുന്നത് !
 നീ കരുതുന്നുണ്ടാവാം ഒരുനാള്‍
 ഞാനതിലേറി നിന്നരികിലെത്തുമെന്ന്.
 എന്നാലോര്‍ഞ്ഞു കൊള്ളുക, എനിക്കറിയാം വലിയ
 വാക്കുകള്‍ കൊണ്ടും, ഭാഷയുടെ കുമ്മായംകൊണ്ടും തീര്‍ത്ത
 ദുര്‍ബലമായ ഈ പാലത്തിന്റെ രഹസ്യം.
 ഒരു പക്ഷേ നീ അറിയുന്നുണ്ടാവില്ല, മറയ്ക്കാനുള്ള ശ്രമത്തില്‍
 പലപ്പോഴും നീ വിവസ്ത്രനാവുകയാണെന്ന്,
 തിളങ്ങുന്ന കുപ്പായം കൊണ്ട്‌പൊതിഞ്ഞ
 ദുര്‍ഗന്ധിയായ ആ അടിവസ്ത്രം കൂടെ കൂടെ വെളിപ്പെടാറുണ്ടെന്ന്.
             ഞാന്‍ നിശ്ശബ്ദയാണെന്നാല്‍ ഊമയാണെന്നു കരുതരുത്
             ആജീവനാന്തം മൗന വ്രതത്തിലാണെന്നും ധരിക്കരുത്.
             ദീര്‍ഘ മൗനത്തിന്റെ ഇരുട്ടിലെന്‍ നെഞ്ചില്‍ കത്തിയെരിയുകയാണ്,
             പ്രതിരോധത്തിന്റെ  അഗ്നി
             അതിന്റെ വെളിച്ചത്തില്‍ വായിച്ചെടുക്കുകയാണ്
             നിനക്കെതിരെ ഒറ്റക്ക് പൊരുതാനുള്ള തന്ത്രം .
 എന്നാലോര്‍ത്തുകൊള്ളുക
 നിന്റെ മനസ്സിന്റെ വളഞ്ഞ പുളഞ്ഞ ഇടനാഴികളിലൂടെ ഇഴഞ്ഞ്
 നിന്റെ ദൗര്‍ബല്യങ്ങള്‍ തിരയുകയാണ് ഞാന്‍
 എന്തെന്നാല്‍ തക്കസമയത്ത്
 ഉചിതമായി നിന്നെ ആക്രമിക്കാന്‍.
 പിന്നെ കൃത്യം കഴുത്തിന്കുത്തിപ്പിടിച്ച്
 പറയും-ഞാന്‍ നീ കരുതുന്ന പോലൊരാളല്ല!! 
                                         
                                     വിവ. ഡോ.എന്‍.എം.സണ്ണി,
                                    അസോ.പ്രൊഫ, ഹിന്ദി വിഭാഗം,
                                   മലബാര്‍ ക്രിസ്ത്യന്‍ കോളേജ് .കോഴിക്കോട്.

            

2) എന്റെ എല്ലാം അവര്‍ക്കപ്രിയമാണ്.
                                                         
                                   
                        നിര്‍മല പുതുല്‍

                      വിവ.  ഡോ. അന്നസാലി. ഇ.എം
                 അസോ.പ്രൊഫസര്‍, ഹിന്ദി വിഭാഗം
   
    ഞങ്ങളോട് അവര്‍ക്ക് വെറുപ്പാണ്.
    ഞങ്ങളുടെ കറുപ്പിനോട്,
    ഞങ്ങളുടെ അജ്ഞതയില്‍
    ചിരിക്കുന്നു  പരിഹസിക്കുന്നു .
    ഞങ്ങളുടെ ഭാഷയെ കളിയാക്കുന്നു
    ഞങ്ങളുടെ എടുപ്പും നടപ്പും ആചാരങ്ങളും
    ഞങ്ങളുടെ വസ്ത്രധാരണം പോലും
    അവര്‍ക്കിഷ്ടമല്ല.
    കാടന്‍, നിരക്ഷരന്‍, ദളിതന്‍ വിശേഷണങ്ങളേറെ.
    ഞങ്ങളെ പരിഹാസത്തോടെ നോക്കുന്നു
    അവരുടേത് സഭ്യവും ശ്രേഷ്ഠവുമെന്ന് പറഞ്ഞ്
    ഞങ്ങളുടെതെല്ലാം പുച്ഛിക്കുന്നു
           ഞങ്ങളുടെ കൈതൊട്ട വെള്ളം കുടിക്കാനറയ്ക്കുന്നു
           ഞങ്ങളുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം വെറുക്കുന്നു
                     അവരുടെ വീടുകളില്‍ ഞങ്ങള്‍ക്ക് പ്രവേശനം നിഷിദ്ധം.
                     ഞങ്ങള്‍ക്കിടയില്‍ ജീവിച്ചിട്ടും
                     ഞങ്ങളുടെ ഭാഷ  പഠിക്കാനവര്‍ തയ്യാറല്ല
                     അവരുടെ ഭാഷ പഠിക്കാന്‍ ശഠിക്കുന്നു
                     അവരുടെ ഭാഷയില്‍ തന്നെ സംസാരിക്കേണം ഞങ്ങള്‍
        സഭ്യരാവാന്‍ അവരുടെ ഭാഷ പഠിക്കണം
        കളിയും ചിരിയും, ഊണുമുറക്കോം
        അവരുടേതുപോലെ വേണം
        സഭ്യരാവാനവരുടെ ആടയാഭരണങ്ങള്‍ വേണം.
                 എന്റേതെല്ലാം അവര്‍ക്കപ്രിയമാണ്.
       എങ്കിലും..
       എന്റെ വിയര്‍പ്പില്‍ വിളഞ്ഞ ധാന്യം
       അവര്‍ക്ക് പ്രിയം
       കാനന പുഷ്പം, കായ്കനികള്‍, വിറക്
       വയലുകളില്‍ വിളഞ്ഞ പച്ചക്കറികള്‍
       എന്റെ  കോഴികള്‍
       എല്ലാം അവര്‍ക്ക് പ്രിയം.
       എന്റെ സൗഷ്ഠവമുള്ള ശരീരം
       അവര്‍ക്കേറെ പ്രിയമാണ്.
                             
                                            അസോ.പ്രൊഫസര്‍, ഹിന്ദി വിഭാഗം
                              മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട്



3)              ആദിവാസി പെണ്‍കുട്ടികളെക്കുറിച്ച്
                                           
                                        നിര്‍മ്മല പുതുല്‍

                                       വിവ: ഡോ. ഇ.എം. അന്ന സാലി                           
 
   പുറമെ കറുത്തിട്ടാണ്
  തിളങ്ങുന്ന പല്ലുകളെ പ്പോലെ 
  ഉളളില്‍ ശാന്തവും ശുഭ്രവുമാണവര്‍
  അവര്‍ ചിരിക്കുമ്പോള്‍ പാല്‍നുരപോലെ.
  നിര്‍മ്മലമായ ചിരി
  അപ്പോള്‍ പര്‍വ്വതത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന്
  കള-കളനാദത്തോടൊഴുകുന്നു
  ശുദ്ധജലത്തിന്നുറവ
       മുടിയിഴകളില്‍ നിറമാര്‍ന്ന ഇലകള്‍ ചൂടി
       മൃദംഗതാളത്തില്‍
       നിരചേര്‍ന്നാടുമ്പോള്‍
       അസമയത്ത് വന്നെത്തുന്നു വസന്തം.
   വയലുകളിലെ വിതയിലും കൊയ്ത്തിലും
   പാടുന്ന പാട്ടുകളില്‍
   ജീവിത ഭാരം മറന്നു പോയിടും
   എന്നവര്‍ പറഞ്ഞീടുന്നു.
                      ഇത്ര വലിയ നുണകള്‍
                      ആരാണവരെ കുറിച്ച് പറഞ്ഞത് ?
                               ആരാണ് ?
 
     നിശ്ചയമായും അത് ഞങ്ങളുടെ കൂട്ടത്തിലെ തന്നെ
     തിന്നാനും കുടിക്കാനും ഉള്ളവരായിരിക്കും
     സത്യത്തെ പുകമറയിലാക്കുന്ന
     ഒരു നാണം കെട്ട വ്യാപാരി
          
           തീര്‍ച്ചയായും
           വാക്കുകള്‍ കൊണ്ട് വഞ്ചിക്കുന്ന
           മനോവൈകല്യമുള്ള കവിയാകാം
  
                                              വിവ: ഡോ. ഇ.എം. അന്ന സാലി
                                              അസോ,പ്രൊഫസര്‍, ഹിന്ദി വിഭാഗം
                                              മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട്

No comments:

Post a Comment