Wednesday 25 June 2014

സ്ത്രീകള്‍: ഉദയ് പ്രകാശ്

हिन्दी के महान कवि उदय प्रकाश की "औरतें" नामक कविता का मलयालम अनुवाद
പ്രശസ്ത ഹിന്ദി കവി ഉദയ്  പ്രകാശിന്‍റെ "സ്ത്രീകള്‍" എന്ന കവിതയുടെ സ്വതന്ത്ര മലയാള വിവര്‍ത്തനം. 


(ഉദയ് പ്രകാശ്, ജാസന്‍ ഗ്രൂനിബേം, എന്നിവര്‍ക്കൊപ്പം  എന്‍.എം.സണ്ണി)

അവള്‍ പേഴ്സില്‍ നിന്ന് മുഴിഞ്ഞ ഒരു നോട്ട് എടുത്ത്
കണ്ടക്ടറോട് വീട്ടിലെത്താനുള്ള ടിക്കറ്റ് എടുത്തു
അല്പം മുമ്പ് അവള്‍ക്ക് നേരെ പീഡന ശ്രമം നടന്നു
അതേ ബസ്സില്‍ മറ്റൊരു സ്ത്രീ തന്നെപ്പോലെ നിസ്സഹായകളായ
രണ്ട് മൂന്ന് സ്ത്രീകളുമായി
പ്രൊമോഷനെ കുറിച്ചും ക്ഷാമ ബത്തയെ കുറിച്ചും സംസാരിക്കുകയായിരുന്നു
അവരുടെ ഓഫീസര്‍ ഇന്ന് അവര്‍ക്ക് വീണ്ടും മെമ്മോ കൊടുത്തു

ഒരു സ്ത്രീ ദീര്‍ഘ സുമംഗലിയായിരിക്കാന്‍ നിരാഹാര വ്രതത്തിലാണ്
അവര്‍ ഭര്‍ത്താവിനാലോ, ഭര്‍തൃ പിതാവിനാലോ
കൊല ചെയ്യപ്പെടുമെന്ന് പേടിച്ച് ഉറക്കത്തില്‍
ഞെട്ടി വിറച്ച് കരയുകയാണ്
ഒരു സ്ത്രീ അര്‍ദ്ധരാത്രി തന്നെപ്പൊലെ
അസുരക്ഷിതയും നിരാശ്രയുമായ
മറ്റൊരു സ്ത്രീയുടെ വീട്ടില്‍ നിന്ന് മടങ്ങുന്ന മദ്യപനായ ഭര്‍ത്താവിനെ
വരാന്തയില്‍ കാത്തു നില്‍ക്കുകയാണ്

സംശയത്തിലും, ഭീതിയിലും, ഭയത്തിലും കുരുങ്ങിപ്പോയ ഒരു സ്ത്രീ
തന്നെ ഉപദ്രവിക്കുന്നതിന് മുമ്പ് വളരെ നേര്‍ത്ത ശബ്ദത്തില്‍
ഭര്‍ത്താവിനോട് ചോദിച്ചു , നിങ്ങളുടെ പേഴ്സില്‍ നിന്ന്
ശമ്പളത്തിന്‍റെ പാതിയിലധികം പണം എവിടെയാണ് ചെലവായത്?

ഒരു സ്ത്രീ തന്‍റെ കുട്ടിയെ കുളിപ്പിക്കുന്നതിനിടയില്‍
അവന് ഭാവിയിലേക്കൊരു കുടിലിനോ , തണലിനോ വേണ്ടി
അറിയാതെ പൊട്ടി-പൊട്ടി കരയാന്‍ തുടങ്ങി
എന്നിട്ട് ഭ്രാന്തിയെ പോലെ ആവര്‍ത്തിച്ച് ഉമ്മവെച്ചു
ഒരു സ്ത്രീയുടെ കൈ തവയില്‍ തട്ടി പൊള്ളി
മറ്റൊരുവളുടെ കൈയില്‍ കഡായിയിലെ തിളച്ച എണ്ണ വീണു
ആശുപത്രിയില്‍ നൂറു ശതമാനം പൊള്ളലേറ്റ സ്ത്രീയുടെ മൊഴി എടുക്കുകയാണ്
തന്നെ ആരും പൊള്ളിച്ചതല്ല –
അവളുടെ മരണ മൊഴി
താനൊഴിച്ച് ബാക്കി എല്ലാവരും നിര്‍ദ്ദോഷികളാണ്
അറിയാതെ, എന്‍റെ ഭാഗ്യക്കേടിന്
കൈയ്യബദ്ധം കൊണ്ട് സ്റ്റൌ പൊട്ടി

ഒരു സ്ത്രീ മൂക്കില്‍ നിന്നൊഴുകുന്ന ചോര തുടച്ചു കൊണ്ട് പറഞ്ഞു
സത്യം ചെയ്യുന്നു, എന്‍റെ കുട്ടിക്കാലത്ത്
എനിക്കാരോടും പ്രണയമില്ലായിരുന്നു
അന്ന് പവിത്രവും, ശതാബ്ദങ്ങളോളം നീണ്ട,
അഗ്നി പൊലെ ആളുന്ന നിശ്ശബ്ദതയായിരുന്നു
എന്‍റെ ദേഹം അങ്ങേക്ക് വേണ്ടി മാത്രം അതില്‍ മുങ്ങുകയായിരുന്നു

ഒരുവളുടെ മുഖം മാര്‍ബിള്‍ കണക്കെ വെളുത്തിട്ടാണ്
അവള്‍ ആരോടോ പറഞ്ഞു,
സീലിങ്ങിന്‍റെ ഹുക്കില്‍ കെട്ടിയിരിക്കകയാണ് എന്‍റെ ദുപ്പട്ടയുടെ അറ്റം
അവളുടെ ഫോട്ടോയും കത്തും കാമുകന്‍ പുറത്ത് വിട്ടു
ഒരു സ്ത്രീ ഫോണിലൂടെ കരയുന്നു
ഇനി ഒരുവള്‍ ഹിസ്റ്റീരിയ ബാധിച്ച പോലെ സ്വയം സംസാരിക്കുന്നു,
മുടി കെട്ടാതെ, വിവസ്ത്രയായി റോഡിലൂടെ ഓടുന്നു
കുറച്ച് സ്ത്രീകള്‍ ബസ്റ്റാന്‍ഡിലും പ്ലാറ്റ് ഫോമിലും നിന്ന്
ചോദിക്കുന്നു, അവര്‍ ഏത് വണ്ടിയിലാണ് കയറേണ്ടത്,
ഈ ലോകത്ത് എവിടേക്കാണ് പോകേണ്ടത്

ഒരു സ്ത്രീ തോല്‍വി സമ്മതിച്ച് പറഞ്ഞു-
നിങ്ങളാഗ്രഹിക്കുന്നതൊക്കെ എന്നോട് ചെയ്തോളൂ
എന്നെ എങ്ങനെയെങ്കിലും ജീവിക്കാനനുവദിച്ചാല്‍ മതി
തിരക്കേറിയ നഗരത്തിലെ പാര്‍ക്കില്‍
ഒരുവളെ മരിച്ച നിലയില്‍ കണ്ടെത്തി,
അവളുടെ ഒന്നര വയസ്സുള്ള മകന്‍
ആ ശവത്തിനരുകിലിരുന്ന് കരയുന്നുണ്ടായിരുന്നു
ഒഴിഞ്ഞ പാല്‍ക്കുപ്പിയും, ചെറിയൊരു പ്ലാസ്റ്റിക്ക്-ഗ്ലാസ്സും
അവളുടെ സഞ്ചിയില്‍ നിന്ന് കണ്ടെടുത്തു
പിന്നെ ചുവപ്പും-പച്ചയും നിറമുള്ള ഒരു പന്തും,
കളിക്കുന്നേരം അത്
ഇപ്പോഴും കിലുകിലാ എന്ന ശബ്ദമുണ്ടാക്കിയിരുന്നു

ഒരു സ്ത്രീ ആസിഡ് ആക്രമണത്തില്‍ വെന്തു പോയി
ആശ്വാസമെന്തെന്നാല്‍ അവളുടെ
ഇടതു കണ്ണിന് പരിക്കില്ലാതെ രക്ഷപ്പെട്ടു
ഒരു സ്ത്രീ തന്തൂരി അടുപ്പില്‍ കത്തുന്നതിനിടയില്‍
പുറത്തെ ഇരുട്ടിന്‍റെ കാഠിന്യമറിയാന്‍ അവളുടെ വിരലുകള്‍
സാവധാനം ഇളക്കിക്കൊണ്ടിരുന്നു

ഒരുവള്‍ ചെടി നടുകയായിരുന്നു
ഒരുവള്‍ പാത്രം കഴുകുകയായിരുന്നു
ഒരുവള്‍ വസ്ത്രം അലക്കുയായിരുന്നു
ഒരുവള്‍ കുട്ടിയെ ചാക്കിനു മുകളിലുറക്കി റോഡ് പണിയിലായിരുന്നു
ഒരുവള്‍ തറവൃത്തിയാക്കുന്നേരം
ദേശീയ ചാനനലിലെ ഫാഷന്‍ പരേഡ് കാണുകയായിരുന്നു
ഒരുവള്‍ പാര്‍ലമെന്‍റിലെ അംഗസംഖ്യ വര്‍ദ്ധിക്കുമെന്ന
വാര്‍ത്ത വായിക്കുകയായിരുന്നു

ഒരു സ്ത്രീയുടെ ഹൃദയം ചിതറി പുറത്തേക്ക് വീണു പോയി
അവള്‍ പറഞ്ഞു-എന്നെ എത്രയും വേഗം
ഉന്തി ഏതെങ്കിലും ഓടയില്‍ എത്തിക്കണം
കുട്ടികളെ സ്കൂളിലയക്കാന്‍ എഴുന്നേല്പ്പിക്കണം
തലസ്ഥാനത്തെ പൊലീസ് സ്റ്റേഷന്‍റെ ഗേറ്റിന് മുന്നില്‍
പരസ്പരം കെട്ടിപ്പിടിച്ച്
നിശ്ശബ്ദരായി തറയിലിരിക്കുകയാണ് രണ്ട് സ്ത്രീകള്‍
എന്നാല്‍ അവരുടെ വിലാപം ഈ ബ്രഹ്മാണ്ഡം
മുഴുവന്‍ മുഴങ്ങി കേള്‍ക്കാം

ആയിരക്കണക്കിന്- ലക്ഷക്കണക്കിനു ശിശുക്കള്‍ ഗര്‍ഭത്തിന്‍റെ ഇരുട്ടില്‍
ഈ ഭൂമിയിലേക്ക് പിറക്കില്ല എന്ന് വിലപിക്കുകയാണ്
അവിടെയും ധ്വനിതരംഗങ്ങള്‍ അവരെ തെരഞ്ഞു കണ്ടെത്തുകയാണ്
അവിടെ, ഭ്രൂണത്തിലും കൊലക്കത്തി ഇറങ്ങിച്ചെല്ലുകയാണ്.
xxxxxxxx

വിവ. ഡോ.എന്‍.എം.സണ്ണി, അസോ.പ്രൊഫ. ഹിന്ദി, മലബാര്‍ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്, 673001,