Wednesday 13 July 2011

ജാതിചോദിക്കരുത്........

                ജാതി ചോദിക്കരുത്........
                           
                                               ഡോ.ശരണ്‍ കുമാര്‍ ലിംബാള

                                                          വിവ. ഡോ .എന്‍ .എം. സണ്ണി
                                                  
                                        
                                 
        ഹണമ്യയുമായുള്ള എന്റെ സൗഹൃദം എന്നുമുതലാണ് ആരംഭിച്ചത് എന്ന് എനിക്ക് കൃത്യമായി ഓര്‍മ്മയില്ല. സോലാപൂരില്‍ ഹണമ്യ തന്നെയായിരുന്നു എന്റെ ആദ്യകാല സുഹൃത്ത് .  ഞങ്ങള്‍ രണ്ടു പേരും ഒരേ കോളേജില്‍ പഠിക്കാന്‍ വേണ്ടി ഈ നഗരത്തില്‍ എത്തിയതാണ്. അവന്‍ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഞാന്‍ നഗരത്തില്‍ വാടക ക്കൊരു മുറി എടുത്തിരുന്നു. ഞാന്‍ ചിലപ്പോഴൊക്കെ അവന്റെ ഹോസ്റ്റലില്‍ പോകാറുണ്ട്. അവന്‍ എന്റെ മുറിയിലും വരാറുണ്ട്. ഞണ്ടള്‍ പരസ്പരം നോട്ട്‌സും സ്റ്റഡി മെറ്റീരിയല്‍സും മറ്റും കൈ മാറാറുണ്ട്.  ലൈബ്രറിയില്‍ പതിവായി കണ്ടുമുട്ടാറുമുണ്ട്. കോളേജ് യൂനിയന്‍ ഇലക്ഷനുമായി ബന്ധപ്പെട്ടാണ് ഞങ്ങള്‍ പരസ്പരം ഇത്രത്തോളം അടുത്തത്.  ക്ലാസ്സ് റപ്രസെന്റേറ്റീവ് പോസ്റ്റില്‍ ഞാന്‍ ഇലക്ഷനില്‍ മല്‍സരിച്ചിരുന്നു. ഹണമ്യയാണ് ഹോസ്റ്റലിലെ വോട്ടുകളൊക്കെ എനിക്ക് സംഘടിപ്പിച്ച് തന്നത്.  
     ഹണമ്യയുടെ വ്യക്തിത്വം സാധാരണ മനുഷ്യരെപ്പോലെ ആയിരുന്നു.   മഹാര്‍-മാംഗോ ജാതിയുടെ സവിശേഷമായ മുഖച്ഛായയോ, ഭാഷാ ശൈലിയോ, നിറമോ  ഒന്നും തന്നെ ഹണമ്യക്ക് ഉണ്ടായിരുന്നില്ല. എന്നാലും സംസാരിക്കുമ്പോള്‍ ഇടക്കിടക്ക് അവന്റെ ഭാഷാശൈലിയില്‍ മഹാറുകളുടെ ഭാഷ കടന്നു വരും. ഹണമ്യ മഹാര്‍ ജാതിയില്‍ പെട്ട ചെറുപ്പക്കാരനായിരുന്നു. ഞാനാകട്ടെ ലിംഗായതും. ഞങ്ങള്‍ക്ക് കരിമ്പ് കൃഷി ഉണ്ടായിരുന്നു. ഒരു സര്‍പഞ്ചിന്റെ മകനായ എന്റെ പക്കല്‍ ആവശ്യത്തിന് പണമുണ്ടായിരുന്നു. ഞാന്‍ ഹണമ്യക്ക്  ഇടക്കിടക്ക്  ഭക്ഷണം  വാങ്ങിച്ച് കൊടുക്കും.  അവനെയും കൊണ്ട് ഔട്ടിങ്ങിന് പോകും.  ഹണമ്യക്ക് നല്ല ഒത്ത ശരീരമുള്ളതു കൊണ്ട്  ഒരംഗരക്ഷകനെ പോലെയാണ് എനിക്ക് തോന്നിയത്. അവന്‍ എന്റെ ജോലികളക്കെ ചെയ്ത് തന്നിരുന്നു. ഞാന്‍ അവന് എന്റെ പാന്റും ഷര്‍ട്ടുമൊക്കെ  കൊടുത്തു. ചിലപ്പോഴൊക്കെ ഭക്ഷണവും വാങ്ങിച്ച് കൊടുക്കും. ഹണമ്യ നല്ലൊരു സ്‌പോര്‍ട്ട്‌സു മാനായിരുന്നു. കവിതയും എഴുതുമായിരുന്നു. അതു കണ്ടു തന്നെ വിദ്യര്‍ത്ഥിക ള്‍ക്കൊക്കെ  അവന്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഹണമ്യയുടെ സഹോദരിയുടെ വിവാഹത്തിന് അവന്‍ എന്നെയും വിളിച്ചിരുന്നു. എനിക്കും ഹണമ്യയുടെ നാട് കാണണമെന്നുണ്ടായിരുന്നു. ഞാന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി. എന്നാല്‍ എന്നെക്കൊണ്ട് എല്ലാവര്‍ക്കും ബുദ്ധിമുട്ടാണ് ഉണ്ടായത്. അവരുടെ ഭക്ഷണം ഞാനെങ്ങനെയാണ് കഴിക്കുക?  അവരുടെ വീട്ടില്‍  ഞാന്‍ എങ്ങനെയാണ് ഉറങ്ങുക? ഞാന്‍ ലിംഗായതാണ്. തൊടലും തീണ്ടലുമൊക്കെ എങ്ങനെയാണ് സഹിക്കുക? പോരാത്തതിന് എന്റെ വീട്ടിലറിഞ്ഞാല്‍ ? അങ്ങനെ പലതരത്തിലുള്ള ചോദ്യങ്ങള്‍ അവരെ അലട്ടി. എല്ലാവരും എന്നെ ആശ്ചര്യത്തോടെ നോക്കാന്‍ തുടങ്ങി......... ഞാനും ആകെ വിഷമത്തിലായി. ഒരു കാര്യം എനിക്ക് മനസ്സിലായി, ഞാന്‍ മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ്. എനിക്ക് വേണ്ടി അവര്‍ വേറെ ഭക്ഷണം പാചകം  ചെയ്തു. താമസിക്കാനും വേറെ സൗകര്യം ഏര്‍പ്പാടാക്കി. അവരുടെ ജീവിതം കണ്ടപ്പോള്‍ എനിക്ക് ശരിക്കും വിഷമം തോന്നി. അവരുടെ വീട്ടില്‍ നിന്ന് വെള്ളം കുടിച്ചപ്പോള്‍ എനിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. വെള്ളം തൊണ്ടയിലൂടെ അകത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല.
     ഞാന്‍ ഒരു മഹാറിന്റെ വീട്ടിലാണ് താമസിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെന്ന  ഒരു ഭയം എന്റെ മനസ്സിലും തോന്നുന്നുണ്ടായിരുന്നു. എങ്ങനെയെങ്കിലും അവിടെ നിന്ന് ഒന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന് മനസ്സില്‍ തോന്നി. ഒരു ദിവസം മാത്രം നിന്ന് ഞാന്‍ തിരിച്ച് പോന്നു. ഹണമ്യയുടെ അച്ഛനെയും അമ്മയെയും കണ്ടപ്പോള്‍ എനിക്ക് എന്റെ വീട്ടിലെ വേലക്കാരെപ്പോലെ തോന്നി.
    കുറച്ച് ദിവസം കഴിഞ്ഞു;
    ഏതോ കാര്യത്തിന് ഹണമ്യയുടെ അച്ചന്‍ നഗരത്തില്‍ വന്നപ്പോള്‍ എന്റെ മുറിയിലും വന്നു, തന്റെ മകന്റെ സുഹൃത്ത് എന്ന നിലയില്‍  അദ്ദേഹത്തിന് എന്നെ കാണാന്‍ കഴിയുമായിരുന്നില്ല. വെയിസ്റ്റ് ഇടുന്ന സ്ഥലത്താണ് ഇരുന്നത്. ഓ.. മ്പ്രാ, ഓ...മ്പാ എന്ന് പറഞ്ഞു കൊണ്ടിരുന്നു. തന്റെ മഹാര്‍ ജാതിയും എന്റെ പാട്ടീല്‍ സ്ഥാനവും മറക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഞാന്‍ അദ്ദേഹത്തിന് ചായ കൊടുത്തു. എന്റെ കപ്പില്‍ ചായ കുടിക്കാന്‍  അദ്ദേഹം തയ്യാറായില്ല, അവസാനം മനസ്സില്ലാ മനസ്സോടെ കുടിച്ചു. കപ്പും പ്ലേറ്റും കഴുകി വെച്ചു. പോകുമ്പോള്‍ വിനയത്തോടെ കൈ കൂപ്പിയപ്പോള്‍ എനിക്ക് എന്റെ ഗ്രാമത്തിലെ ലക്ഷ്യാ എന്നാ മഹാറിനെയാണ് ഓര്‍മ്മ വന്നത്.
     കരിമ്പ് പാടത്ത് കരിമ്പ് വെട്ടി ശര്‍ക്കര ഉണ്ടാക്കുന്ന ജോലി ആരംഭിച്ചിരുന്നു. വീട്ടില്‍ നിന്ന് കത്തു വന്നു.  ഹണമ്യയെ ഒരു വട്ടം എന്റെ നാട്ടില്‍ കൊണ്ടു പോകണമെന്ന് ഞാന്‍  തീരുമാനിച്ചു. ഹണമ്യയും സമ്മതിച്ചു.  എന്നാല്‍ അവന്റെ ജാതി അതിന് തടസ്സായിരുന്നു.  എന്റെ അച്ഛന്‍ പഴയ പാരമ്പര്യങ്ങളുടെ സൂക്ഷിപ്പുകാരനാണ്. അദ്ദേഹം ആദ്യം തന്നെ ഹണമ്യയോട് പേര് ചോദിക്കും.  അപ്പോള്‍ അദ്ദേഹത്തിന് മനസ്സിലാവും ഹണമ്യ മഹാര്‍ ജാതിയില്‍പ്പെട്ടതാണെന്ന്. അവനെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. എനിക്കും ശിക്ഷ കിട്ടും. ഇനി അവന്‍ ലിംഗായത്താണെന്ന് പറഞ്ഞാല്‍ എന്റെ അച്ഛന്‍ അവരെ യൊക്കെ നന്നായി അറിയുകയും ചെയ്യും. അദ്ദേഹം ഹണമ്യയോട് അതിനെക്കു റിച്ചെങ്ങാനും സംസാരിച്ചാല്‍ അവന്‍ കുടുങ്ങും. അതു കൊണ്ട് ഞാനും ഹണമ്യയും തമ്മില്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തി.
     എന്റെ വീട്ടില്‍ ഇടക്കിടക്ക് വന്നു പോകുന്ന കൂട്ടരാണ് ഗഡരിയാ ജാതിക്കാര്‍. ഗഡരിയ ജാതിക്കാര്‍ ഞങ്ങളുടെ വീട്ടില്‍ വന്നു പോകാറുണ്ട്. അവര്‍ക്ക് തൊടീലും തീണ്ടലുമൊന്നും ബാധകമായിരുന്നില്ല. അാഹാറുകളും,മാംഗുകളുമൊഴിച്ച് മറ്റാരും വരുകയും പോകുകയും ചെയ്യുന്നതിന് അച്ഛന് വിരോധമില്ലായിരുന്നു എന്നാല്‍ താന്‍ ഗഡരിയാ ജാതിയാണെന്ന് പറയാന്‍ ഹണമ്യ ഭയപ്പെട്ടു.  എങ്ങാനും പിന്നീട് കണ്ടു പിടിക്കപ്പെട്ടാലോ? അറിയുന്ന ആരുടെയെങ്കിലും കണ്ണില്‍പെട്ടാലോ?  ഞാന്‍ ഹണമ്യക്ക് ധൈര്യം പകര്‍ന്നു കൊണ്ടിരുന്നു. അങ്ങനെ അവസാനം ഞാനും ഹണമ്യയും എന്റെ ഗ്രാമത്തിലെത്തി.
    ഹണമ്യ പേടിച്ചരണ്ടതു പോലെയാണ് എന്റെ   വീട്ടില്‍ താമസിച്ചത്. പൂജാമുറിയില്‍ കടക്കാന്‍ അവന് ഭയമായിരുന്നു. ഞാനും ഹണമ്യയും പാടത്ത് പോയി, ഗ്രാമത്തില്‍ മൊത്തം കറങ്ങി, ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തി. എന്റെ അമ്മ ഹണമ്യയോട് വാത്സല്യത്തോടു കൂടി പെരുമാറി. അമ്മ അവന് നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുത്തു. എന്നാലും ഹണമ്യ തുറന്ന് സംസാരിക്കുന്നുണ്ടായിരുന്നില്ല. രാത്രി ഏറെ കഴിഞ്ഞിട്ടും അവന് ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്തോ അസ്വസ്ഥനായി കാണപ്പെട്ടു.
   വീട്ടില്‍  വരുന്നവരൊക്കെ ഹണമ്യയെകുറിച്ച് ചോദിച്ചു. ഹണമ്യക്ക് പകരം ഞാനാണ് അവന്റെ പേര് പറഞ്ഞത്. അവരൊക്കെ ഗഡരിയാ ജാതിക്കാരായിരുന്നു. ഞങ്ങളുടെ പാടത്ത് ഗഡരിയാ ജാതിയില്‍പ്പെട്ട ഒരാള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഹണമ്യയോട് അയാള്‍ക്ക് വലിയ സ്‌നേഹമായിരുന്നു. ഒരിക്കല്‍ അയാള്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് ഹണമ്യയോട് അയാളുടെ ബന്ധുമിത്രാതികളെ കുറിച്ച് ചോദിക്കാന്‍ തുടങ്ങി.    അപ്പോള്‍ ഹണമ്യ തപ്പിത്തടഞ്ഞു കൊണ്ടിരുന്നു.
   ഞാന്‍ ഇടക്ക് കയറി പറഞ്ഞു. ' ഹണമ്യ  ചെറുപ്പത്തിലേ തന്നെ പഠിക്കുന്നതിനു വേണ്ടി സോലാപൂരിലേക്ക് പോയതാണ്. അതു കൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും കുറിച്ച് അവന് വലിയ പിടിപാടൊന്നുമില്ല.' ആ വിഷയം അവിടെ അവസാനിച്ചു. അങ്ങനെ ഹണമ്യ ഒരു കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടു. ഗ്രാമത്തില്‍ മൂന്ന് നാലു ദിവസം കൂടി
താമസിക്കണമെന്ന് ഞങ്ങള്‍  ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഹണമ്യ തീര്‍ത്തും  അസ്വസ്ഥനായിരുന്നു. ഹണമ്യയെ എന്റെ വീട്ടിലെ എല്ലാവരും പൂജാരി എന്നാണ് വിളിച്ചിരുന്നത്.  ഹണമ്യയുടെ പേര് പൂജാരി എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്.
     ഒരിക്കല്‍ അച്ഛന്‍ എന്റെ  മുറിയില്‍ വന്നു. ശര്‍ക്കര ഉണ്ട വില്‍ക്കാന്‍ വേണ്ടി സോലാപുരിലേക്ക് വന്നതായിരുന്നു. രണ്ടു ദിവസം അദ്ദേഹം എന്റെ റൂമിലായിരുന്നു താമസിച്ചത്. അച്ഛനോടൊപ്പം ഞങ്ങളുടെ പാടത്ത് പണിയെടുക്കുന്ന ഗഡരിയാ ജാതിക്കാരനും ഉണ്ടായിരുന്നു. ശരക്കര ഉണ്ടാക്കുന്ന ജോലിയില്‍ അയാള്‍  സമര്‍ത്ഥനായിരുന്നു. അയാള്‍ ഹണമ്യയെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. അച്ഛന്‍ മനസ്സില്‍ കണക്ക് കൂട്ടിയിരുന്നു ഹണമ്യ ചെറുപ്പമാണ്, പഠിക്കുകയുമാണ്, ഭാവിയില്‍ ഏതെങ്കിലും ബന്ധത്തിലുള്ള പെണ്‍കുട്ടിയുമായി വിവാഹമാലോചിക്കാവുന്നതാണ്.
   ഞാനും അച്ഛനും, ഞങ്ങളുടെ ശര്‍ക്കര ഉണ്ടാക്കുന്ന തൊഴിലാളിയും കൂടി ഹണമ്യയെ കാണാനായി പുറപ്പെട്ടു. 'പൂജാരി മുറിയിലുണ്ടോ എന്ന് നോക്കി വരാം' എന്ന് പറഞ്ഞ് ഞാന്‍ മുന്നോട്ട് നടന്നു. ഹണമ്യയും റൂം പാര്‍ട്ടണറും കൂടി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ഹണമ്യയെ  പുറത്തേക്ക് വിളിച്ചു. നിന്നെ കാണാനായി എന്റെ അച്ഛന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞതും അവന്‍ അസ്വസ്ഥനായി. ഞാന്‍ അച്ഛനെ അകത്തേക്ക് വിളിച്ചു. ഹണമ്യ അവന്റെ മുറി വൃത്തിയാക്കി.
      ഞാന്‍ മുറിയിലൊന്ന് കണ്ണോടിച്ചു.
   ഹണമ്യ ഡോ. അംബേദ്ക്കറിന്റെ ചിത്രം മറച്ചു വെച്ചിരുന്നു. ചുമരില്‍ രണ്ട് മൂന്ന് സിനിമാ നടികളുടെയും ചിത്രങ്ങളുണ്ടായിരുന്നു. അതും മറച്ചു വെച്ചു. അവന്റെ  മുഖത്ത് പരിഭ്രമം നിറഞ്ഞു നിന്നു.  'പൂജാരീ നീ എന്താണിങ്ങനെ പരിഭ്രമിക്കുന്നത്?' അച്ഛന്റെ ആ ചോദ്യത്തിന് മറുപടിയായി അവന്‍ കേവലം പുഞ്ചിരിക്കുക മാത്രമാണ് ഉണ്ടായത്. അവന്റെ റൂം പാര്‍ട്ട്ണര്‍ കണ്‍ഫ്യൂഷനിലായി. കുറച്ച് സമയം കഴിഞ്ഞ് ഞങ്ങള്‍ പുറത്ത് വന്നു. പുറത്ത് വന്നാല്‍ ആരെങ്കിലും കണ്ട് “ജയ് ഭീം” എന്ന് പറയും എന്ന ഭയം കൊണ്ട് ഹണമ്യ പുറത്ത് വന്നില്ല. അവന്‍ റൂംമില്‍ വെച്ച് തന്നെ ഞങ്ങള്‍ക്ക് ചായ തന്നു.
   അച്ഛന്‍ അവനെ പുറത്ത് പോകാന്‍ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. അവന് നാളെ ട്യൂട്ടോറിയല്‍ ഉണ്ട് എന്ന് പറഞ്ഞ് ഞാന്‍ അച്ഛനെ പിന്തിരിപ്പിച്ചു.
   ഹണമ്യ മുറിയില്‍ തന്നെ ഇരുന്നു.
    ഒരിക്കല്‍ ഹണമ്യയും അച്ഛനും ബസ്സ് സ്റ്റാന്‍ഡില്‍ വെച്ച് കണ്ടു. അച്ഛന്‍ അവനെ അരികിലേക്ക് വിളിച്ചു. അവനോട് വിശേഷം ചോദിച്ചു. ' പൂജാരി നന്നായി പഠിക്കണം' എന്ന് പറഞ്ഞ് പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഹണമ്യ അച്ഛനെ യാത്രയാക്കാനായി ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു. ഇതിനിടയില്‍ ഹണമ്യയുടെ അച്ഛന്‍ അവരുടെ അടുത്തേക്ക് വന്നു. ഹണമ്യ ആകെ വിഷമത്തിലായി. അവന്റെ അച്ഛനെകുറിച്ച് എന്റെ അച്ഛനോട് അവന്‍  പറഞ്ഞു. 'എന്റെ ഗ്രാമത്തിലെ ആളാണ്.'  പിന്നീട് കണ്ടപ്പോള്‍ ഹണമ്യ  ആ കാര്യം പറഞ്ഞു  കേട്ട്  ഞാന്‍ ആര്‍ത്ത് ചിരിച്ചു. എന്നാല്‍ അവന്റെ ഉള്ളിന്റെ ഉള്ളില്‍ നീറ്റലായിരുന്നു. ഞാന്‍ അവനെ ചിരിപ്പിക്കാന്‍  എത്ര ശ്രമിച്ചിട്ടും അവന്‍ കൂടുതല്‍ സീരിയസായി ഇരുന്നതേയുള്ളു. 
       ഹണമ്യയും ഹണമ്യയുടെ ഉള്ളിലെ 'പൂജാരിയും'.
       പൂജാരിയും, പൂജാരിയുടെ ഉള്ളിലെ ഹണമ്യയും.
     ഹണമ്യയുടെ ചിരിക്കുന്ന മുഖവും, ഉത്സാഹം നിറഞ്ഞ സ്വഭാവവും എവിടെ പോയി മറഞ്ഞു എന്നറിയില്ല.
     ഹണമ്യ ഒരു കവിത എഴുതിയിരുന്നു. അതില്‍ ഹിന്ദു മതത്തിലെ ദേവീ ദേവന്മാരെ  മോശമായി ചിത്രീകരിച്ചിരുന്നു.  ഞാന്‍ അത് അവന്റെ പക്കല്‍ കണ്ടു. അതു വായിച്ചപ്പോള്‍ എനിക്ക് ശരിക്കും വിഷമം തോന്നി. ഇവനോട് എനിക്ക് എന്ത് സ്‌നേഹമാണ്, എന്നിട്ടും അവന്‍ അവന്റെ ജാതി മറക്കാന്‍ തയ്യാറില്ല. അവന്‍ ഹിന്ദു മതത്തെ ഇങ്ങനെ തെറിപറയുന്നത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.  ഞാന്‍ അവനുമായി വാദ പ്രതിവാദം നടത്തി. ഇത്തരം കവിത എഴുതുന്നതു കൊണ്ട് ജാതി വ്യവസ്ഥ ഇല്ലാതാവില്ല. മറിച്ച് ആരെങ്കിലും തമ്മില്‍ അല്പമെങ്കിലും അടുപ്പമുണ്ടെങ്കില്‍ അതും ഇല്ലാതാവുകയും ചെയ്യും. എനിക്ക് അവന്റെ കവിതയെ കുറിച്ച് വെറുപ്പ് തോന്നി. അവന്റെ കവിത വളരെ തീവ്രമായിരുന്നു. എന്നാല്‍ ഹണമ്യ വിനയ ശീലനും പാവവുമായിരുന്നു.   എനിക്ക് എപ്പോഴെങ്കിലും ദേഷ്യം വന്നാല്‍ ഹണമ്യ  ഒരു പ്രത്യേക രീതിയില്‍ ചിരിക്കും. തികച്ചും ശാന്തനായിരിക്കും.
  ഹണമ്യയും ഹണമ്യയുടെ ഉള്ളിലെ കവിതയും.
  കവിതയും കവിതയുടെ ഉള്ളിലെ ഹണമ്യയും.
  കവിതയില്‍ നിന്ന് ഹണമ്യ എത്രയോ നാഴിക ദൂരെയാണ്.
     ഇതിനിടയില്‍ എന്റെ അമ്മക്ക് കലശസലായ അസുഖം ബാധിച്ചു. വാഡിയാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. അമ്മ അനുദിനം ക്ഷീണിച്ചു വന്നു. ഞാനും അച്ഛനും അമ്മയുടെ അടുത്ത് ഇരുന്ന് പരിചരിച്ചു. ഇടക്കിടക്ക് അമ്മക്ക് പൂജാരിയെ ഓര്‍മ്മ വന്നു.  'പൂജാരി എവിടെയാണ്?' എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു അവന്‍ ഗ്രാമത്തിലേക്ക് പോയി. ഹണമ്യ എന്റെ അമ്മയുടെ അസുഖ വിവരം അറിഞ്ഞിരുന്നു. ഞാന്‍ ദളിത് സാഹിത്യത്തെ എതിര്‍ത്ത് സംസാരിച്ചതു കൊണ്ട് അവന്‍ എന്റെ അടുത്ത് വരുന്നത് കുറച്ചു എന്ന് എനിക്ക് മനസ്സിലായിരുന്നു. ഞാന്‍ ഹണമ്യക്ക്  കത്തയച്ചു അമ്മ നിന്നെ അന്വേഷിക്കുന്നുണ്ട്, ഒന്ന് വന്ന് കാണണം. ഞാന്‍ കത്തയച്ചിട്ടൊന്നും ഹണമ്യ വന്നില്ല. അമ്മയും രണ്ട് മൂന്ന് ദിവസം ഹണമ്യയെ കുറിച്ച്  ചോദിച്ചില്ല. നാളെ അമ്മക്ക് രക്തം കൊടുക്കേണ്ടി വരും. ഞാനും അച്ചനും രക്തം കൊടുത്ത് കഴിഞ്ഞിരുന്നു. ഹണമ്യ വന്നിരുന്നു  വെങ്കില്‍ എളുപ്പാമാകുമായിരുന്നു അവന്റെ രക്തം ചെക്ക് ചെയ്താല്‍ ആ പ്രശ്‌നം പരിഹരിക്കാമായിരുന്നു. എന്റെ മറ്റൊരു സുഹൃത്ത്  അമ്മക്ക് ബിസ്‌കറ്റും പഴങ്ങളും വാങ്ങിച്ചു കൊണ്ടു വന്നു.
    പിറ്റേ ദിവസം ഹണമ്യ വന്നു. കുറേ സമയം അമ്മയോട് സംസാരിച്ച് അമ്മയുടെ അടുത്ത് തന്നെ ഇരുന്നു. ഹണമ്യയുടെ രക്ത ഗ്രൂപ്പ് അമ്മക്ക് യോജിക്കുന്നതായിരുന്നു. ഞാന്‍ ആ കാര്യം ഹണമ്യയോട് പറഞ്ഞു. ഹണമ്യ വന്നപ്പോള്‍ അച്ഛനും വലിയ സന്തോഷമായി.
     ഞാനും ഹണമ്യയും കൂടി അമ്മക്ക് മരുന്ന് വാങ്ങുന്നതിന് വേണ്ടി പുറത്തേക്ക് പോയി.
   ഹണമ്യ പറഞ്ഞു- 'രക്തത്തെ കുറച്ച് ചിന്തിക്കണ്ട, ഞാന്‍ രക്തം നല്‍കാം. എന്റെ സുഹൃത്തിനെയും വിളിച്ചു കൊണ്ടു വരാം. നീ അമ്മയെ ശ്രദ്ധിച്ചാല്‍ മതി. '
   അല്പസമയം കഴിഞ്ഞ് ഞങ്ങള്‍ മരുന്നുമായി എത്തി.
  അമ്മയുടെ മുഖം വാടിയിരുന്നു. അച്ഛന്‍ പുറത്ത് എവിടെയോ പോയതായിരുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല.  അമ്മയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നു ണ്ടായിരുന്നു. ഹണമ്യ അമ്മയുടെ അടുത്ത് എത്തിയതും അമ്മ എന്തോ പിറുപിറു ക്കുന്നുണ്ടായിരുന്നു. എനിക്ക് എന്തോ ഒരു പന്തികേട് തോന്നി. അമ്മ ഹണമ്യയോട് പറഞ്ഞു-
     'ദൂരെ പോ! എന്നെ തൊടരുത്'.
     ഹണമ്യയുടെ ജാതിയെ കുറിച്ച് ആരെങ്കിലും അമ്മയോട് പറഞ്ഞിട്ടുണ്ടായിരിക്കും.
     ഹണമ്യ ഇറങ്ങിപോയി..
     ഞാന്‍ അമ്മയുടെ അടുത്ത് നിന്നു.
    കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന്‍ വന്നു. അച്ഛന്‍ എല്ലാ കാര്യവും പറഞ്ഞു. ഈ ആ ശുപത്രിയില്‍ ഹണമ്യയെ അറിയുന്ന ഒരു മഹാര്‍ ജാതിക്കാരി സ്ത്രീ വന്നിരുന്നു. ആ സ്ത്രീ അമ്മയോട് കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു.
       വൈകുന്നേരം അമ്മക്ക് രക്തം കൊടുക്കേണ്ടതാണ്.
    ഉച്ചകഴിഞ്ഞപ്പോള്‍ ഹണമ്യ വന്നു. അവന്‍ രക്തം കൊടുക്കാന്‍ തയ്യാറായാണ് വന്നത്.
ഞാന്‍ അമ്മയുടെ അടുത്ത് ചെന്ന് അമ്മയോട് പറഞ്ഞു, ഹണമ്യ വന്നിട്ടുണ്ട്. അമ്മ തികച്ചും ശാന്തമായി പറഞ്ഞു, നീ ആ മഹാര്‍ പയ്യനെ വീട്ടില്‍ വിളിച്ചു കൊണ്ട് വന്ന് അയിത്തമാക്കി. അതിന്റെ ശാപമാണ് ഞാനനുഭവിക്കുന്ന ഈ വേദന. ഇനി എനിക്ക് ഇതില്‍ നിന്ന് മോക്ഷമില്ല. ഞാന്‍ മരിച്ചു പോയാലും എനിക്ക് പ്രശ്‌നമില്ല. എന്റെ ശരീരത്തില്‍ മഹാറിന്റെ രക്തം കയറ്റണ്ട. നിന്റെ അച്ഛന്‍ എന്നെ ഗംഗയില്‍ കുളിപ്പിച്ചു കൊണ്ടു വന്നു. നീ എന്റെ ദേഹത്ത് മഹാറിന്റെ രക്തം കയറ്റാന്‍ ശ്രമിക്കുകയാണ്. നീ പാപിയാണ്.'
     അമ്മയുടെ വികാരം എനിക്ക് മനസ്സിലാവുമായിരുന്നു. അമ്മയുടെ കണ്ണുകളില്‍ കണ്ണു നീര്‍ നിറഞ്ഞിരുന്നു.  എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
    അല്‍പസമയം കഴിഞ്ഞ് അച്ഛന്‍ വന്നു. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന കണ്ണുകള്‍ കണ്ട് ഞാന്‍ ശരിക്കും പേടിച്ചു. ഞാന്‍ അവിടെ നിന്ന് പുറത്തേക്ക് പോയി. ഗേറ്റില്‍ ഹണമ്യ നില്‍ക്കുന്നുണ്ടായിരുന്നു.
   ഞാന്‍ ഹണമ്യയോടു പറഞ്ഞു, മരുന്നു കൊണ്ട് തന്നെ കാര്യം നടക്കും. രക്തത്തിന്റെ ആവശ്യം വരില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പിന്നീട് അവന്റെ റൂം പാര്‍ട്ടണര്‍ പറഞ്ഞു അച്ഛന്‍ അവനെ വളരെ അധികം ശകാരിച്ചു. എനിക്ക് തലകറങ്ങുന്നതു പോലെ തോന്നി.
      ഞാനും എന്റെ ഉള്ളിലെ ഞാനും.
   രണ്ടും പഴയ ഘടികാരത്തെപ്പോലെ അനങ്ങുന്നുണ്ടായിരുന്നു.   അത് ചലിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.  എന്നാല്‍ വീണ്ടും അത് നിശ്ചലമായി പോയി. അച്ഛന്‍ എന്റെ അരികിലൂടെ മരുന്നു വാങ്ങുന്നതിനു വേണ്ടി നടന്നു പോയി.
     അപ്പോഴേക്കും ഗ്രാമത്തില്‍ നിന്ന് ഞങ്ങളുടെ ഗഡരിയ ജാതിക്കാരനായ ആ വേലക്കാരന്‍ വന്നു.  'എന്താണ് പൂജാരി ജീ വരാന്‍ ഇത്ര വൈകിയത്. യജമാനത്തി എന്നും താങ്കളെ അന്വേഷിക്കുന്നുണ്ടായിരുന്നു. എവിടെ പോയിരുന്നു?'. ശര്‍ക്കര ഉണ്ടാക്കുന്ന വേലക്കാരന്‍ ചോദിച്ചു. ഞാനും ഹണമ്യയും കല്ലു പോലെ ചേതന അറ്റു നിന്നു. ഹണമ്യയുടെ  റൂം പാര്‍ട്ടണര്‍ പറയുന്നുണ്ടായിരുന്നു-
     'ഇത് പൂജാരിയല്ല, ഹണമ്യയാണ്, മഹാര്‍ ജാതിക്കാരനായ ഹണമ്യ.'.
               
                                            ഃഃഃഃഃഃഃഃഃ

No comments:

Post a Comment