Monday 2 January 2012

“മോഹന്‍ദാസ്” അപഹരിക്കപ്പെടുന്നസ്വത്വം


                              “മോഹന്‍ദാസ് ” അപഹരിക്കപ്പെടുന്ന സ്വത്വം
        
      കത്തുന്ന കനല്‍ കൈവെള്ളയിലെടുക്കുന്ന സാഹസത്തോടും, ആത്മധൈര്യത്തോടും കൂടി മാത്രമെ അനുവാചകന് “മോഹന്‍ദാസ്” എന്ന ഈ കൃതിയെ  സമീപിക്കാന്‍ കഴിയുകയുള്ളു. തീക്ഷണവും തീവ്രവുമായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ അത്രമേല്‍  വൈകാരികമായ ശൈലിയിലാണ് ഉദയ് പ്രകാശ് വായനാ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ദാസ് ഒരു സത്യമാണ്; ആ സത്യം ഇന്ത്യയിലെ ഏതൊരു  ഗ്രാമത്തിലെയും സാധാരണ മനുഷ്യരുമായി ചേര്‍ന്ന് നിന്ന്  നിരീക്ഷിച്ചാല്‍ അനുവാചകന് ബോധ്യ പ്പെടുന്നതാണ്. സ്വാതന്ത്ര്യാനന്തര ഭാരതം സമൂഹത്തിലെ അധഃസ്ഥി തരോടും പിന്നോക്ക ജനവിഭാഗങ്ങളോടും ചെയ്ത ക്രൂരത പുരബ് നരാഗ്രാമത്തിലെ കാബാദാസിന്റെയും പുതലി ബായിയുടെയും മകനായ മോഹന്‍ദാസ് എന്ന ഒരൊറ്റ ചെറുപ്പക്കാരന്റെ കണ്ണുനീരില്‍ നിന്ന് തന്നെ സമൂഹത്തിന് തിരിച്ച റിയാനാവും. ആ തിരിച്ചറിവ് ഈ കൃതിയെ കൂടുതല്‍ ജനകീയമാക്കുന്നതോടൊപ്പം ആഴത്തില്  വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 

                                        
                          ( മോഹന്‍ദാസ്‌ മലയാള പരിഭാഷ ഡോ. പി.കെ. പോക്കര്‍ , പ്രൊഫ്‌. എം. എസ് . വിശ്വംബരന് നല്‍കി പ്രകാശനം ചെയ്യുന്നു. കെ.ഇ.എന്‍., ഡോ. ആസാദ്, ഉദയ് പ്രകാശ്‌, ഡോ. എന്‍.എം.സണ്ണി എന്നിവര്‍ സമീപം)‌ ‍                                   
       ന്യൂയോര്‍ക്കിലെ  അംബര ചുംബികളായ രണ്ട്  വ്യാപാര സ്ഥാപനങ്ങള്‍  തകര്‍ക്കപ്പെട്ടതിനോടനുബന്ധിച്ച് ഏഷ്യയിലെ  ലോകോത്തരമായ രണ്ടു  സ്വതന്ത്ര രാഷ്ട്രങ്ങള്‍കൂടി  തകര്‍ത്ത് തരിപ്പണമാക്കി.  യൂറോപ്പിലെയും അമേരിക്കയിലെയും ഈശ്വരന്മാരൊഴിച്ച്   ബാക്കി എല്ലാ  ഈശ്വരന്മാരുടെയും മുന്നില്‍ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി കുനിഞ്ഞ ശിരസ്സുകള്‍ ഫാസിസ്റ്റുകളുടെയും, ഭീകര വാദികളുടെയും, മതമൗലിക വാദികളുടെയുമായി മുദ്രകുത്തപ്പെട്ടു. എണ്ണക്കും, വെള്ളത്തിനും, വിപണിക്കും വേണ്ടി കോര്‍പ്പറേറ്റുകളും, സര്‍ ക്കാരുകളും,  സൈന്യങ്ങളും  രാവും പകലും  ലോകത്താകമാനം നിര്‍ ദോഷികളായ ജനങ്ങളെ  കൊന്നൊടുക്കുകയാണ്. ലോകത്തെവിടെയും  അധികാരത്തിലിരിക്കുന്നവര്‍ ഒന്ന് മറ്റൊന്നിന്റെ ക്‌ളോണാണെന്ന്  സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാവും. എല്ലാവരും ഒരേ തരം വസ്തുക്കളുടെ  ഉപഭോക്താക്കളാണ്. അവര്‍ ഒരേ ബ്രാന്‍ഡാണ് കുടി ക്കുന്നത്, ഒരേ ബ്രാന്‍ഡാണ് തിന്നുന്നത്. ഒരേ കമ്പനിയുടെ കാറുകളിലാണ് ചുറ്റിക്കറങ്ങുന്നത്. എല്ലാവരുടെയും അക്കൗണ്ടുകള്‍  ഒരേ ബാങ്കിലാണ്. ഒരേ തരം മദ്യത്തിന്റെ ലഹരിയില്‍  പത്രങ്ങളിലും ചാനലുകളിലും  അവര്‍ ഒരേ തോന്നിവാസവും, നഗ്നതയും, വൃത്തികേടും പ്രദര്‍ശിപ്പിക്കുന്നു. സൂക്ഷിച്ച് നോക്കിയാല്‍ തിരിച്ചറിയാം- അവരുടെ തൊലിയുടെ നിറവും, ഭാഷയും ഒന്നാണ്.
         നിസ്വ ജനതയുടെ സര്‍വ്വസ്വവും അപഹരിക്കുന്ന കഴുകന്മാര്‍ ജാതി-മത സാമ്രാജ്വത്വ ശക്തികളുടെ പൊയ്കാലുകളില്‍ നിന്നാണ് അവരുടെ ക്രൗര്യം പ്രകടിപ്പിക്കുന്നത് എന്നതാണ് വാസ്തവം. ഭൂരിപക്ഷത്തിന്റെ  അജ്ഞതയാണ് അവരുടെ കരുത്ത്. സായിപ്പ് പോയി ആറുപതിറ്റാണ്ടിനു ശേഷവും  ജാതീയവും മതപരവുമായ വേര്‍തിരുവുകള്‍ കൂടുതല്‍ ആഴത്തിലും പരപ്പിലും പ്രകടമായികൊണ്ടിരിക്കുന്നത് ഭാരതീയ സമൂഹം നേടിയെടുത്തു എന്ന് അഭിമാനിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങള്‍ അപൂര്‍ണ്ണവും, നിരര്‍ത്ഥകവുമാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നു.
     നിത്യവൃത്തിക്ക് വകയില്ലാത്ത രോഗിയും കടക്കാരനുമായ ഒരു മനുഷ്യന്‍ തന്റെ രണ്ടു മക്കളെയും ഭാര്യയേയും വിഷം കൊടുത്ത് കൊന്നതിനു ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിക്കപ്പെട്ടു. അയാള്‍ ഇന്ത്യന്‍ പീനല്‍ കോഡിന്റെ 302, 309 വകുപ്പുകള്‍ പ്രകാരം കൊലപതകത്തിനും ആത്മഹത്യാ ശ്രമത്തിനും ജയിലില്‍ കിടക്കുമ്പോള്‍  കൊടും കുറ്റവാളികള്‍ പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രികളില്‍  ജയില്‍ വാസം പൂര്‍ത്തിയാക്കുന്നു.   
     ദളിതനും ദരിദ്രനുമായ മോഹന്‍ദാസിന്റെ സ്വത്വം അപഹരിക്കപ്പെട്ടതു പോലെ തന്നെ, ഭാഷയും, സ്വത്വവും, ഗാന്ധിയെ തന്നെയും അറിഞ്ഞും അറിയാതെയും അപഹരിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം മോഹന്‍ദാസ്  വെളിപ്പെടുത്തുന്നുണ്ട്. ശരിയുടെയും നേരിന്റെയും പക്ഷം ചേരുന്നവര്‍ അവര്‍ ഏതു പദവി അലങ്കരിക്കുന്നവരായാലും ഇല്ലായ്മ ചെയ്യപ്പെടും. ജില്ല ജഡ്ജ് ഗജാനന്‍ മാധവ് മുക്തിബോധിന്റെയും, സര്‍ക്കാരാശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റം ചെയ്യപ്പെട്ട ഡോ.വാകണ്‍കറിന്റെയും അനുഭവങ്ങള്‍ അതാണ് സാക്ഷ്യപ്പെടുത്തുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളെ ധൂര്‍ത്തും,  കെടുകാര്യസ്ഥതയും എത്രത്തോളം ഗ്രസിച്ചിരിക്കുന്നു എന്നതിന് ഓറിയന്റല്‍ കോള്‍മൈന്‍സ് ഒരു ഉദാഹരണം മാത്രം.

    ഭയത്തിന്റെ നിറം എന്തായിരിക്കുമെന്ന ഒരു ചോദ്യത്തിലൂടെയാണ് കഥയുടെ ആരംഭം കുറിക്കുന്നത്. അത്യന്തം ഭ്രമാത്മകമായ ഒരു ചിത്രം എഴുതി ച്ചേര്‍ത്തുകൊണ്ടാണ് കഥയുടെ മര്‍മ്മത്തിലേക്ക് കഥാകാരന്‍ പ്രവേശിക്കുന്നത്. ആരെയും ഭയപ്പെടുത്തുന്ന ഒരു സത്യം  ഫാന്റസിയിലൂടെ അവതരിപ്പിക്കാ നുള്ള ഉദയപ്രകാശിന്റെ കഴിവ് ഇതിനോടകം തന്നെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. പ്രേംചന്ദിനും, മുക്തി ബോധിനും ശേഷം ഭാരതീയ കഥകളില്‍ നവ ഭാവു കത്വം അവതരിപ്പിച്ച എഴുത്തുകാരില്‍ പ്രഥമഗണനീയനായാണ് ഉദയപ്രകാശിനെ വിലയിരിത്തിയിട്ടുള്ളത്.  സര്‍ക്കാര്‍ പദ്ധതികളുടെ പൊള്ളത്തരങ്ങളും, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആഴത്തില്‍ വേരിറങ്ങിയിരിക്കുന്ന സവര്‍ണ്ണ-സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും ഈ കൃതിയിലൂടെ തുറന്നു കാണിക്കപ്പടുന്നുണ്ട.്
    പുരബ്‌നരാ ഗ്രാമത്തില്‍ മോഹന്‍ദാസിന്റെ ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ 'ഇന്ത്യ ഷൈന്‍' ചെയ്യുന്നു എന്ന പ്രചാരണം തകൃതിയായി നടക്കുകയായി രുന്നു, കൂടാതെ 1990 മുതല്‍ നിലനില്‍ക്കുന്ന 5.8 ശതമാനം സാമ്പത്തിക വളര്‍ച്ചയുടെ ഈ തോത് അത്രയും വര്‍ഷം കൂടി നില നിന്നാല്‍ ഇന്ത്യ അമേരിക്കയാവുമെന്ന് ധനമന്ത്രിയും ലോകബാങ്കും അവകാശപ്പെടു ന്നുമുണ്ടായിരുന്നു .  ഇതിന്റെ പകുതി വികസന തോതിലാണ് അമ്പതു വര്‍ഷം കൊണ്ട് അമേരിക്ക അമേരിക്ക ആയി മാറിയത് പോലും. മുവായിരത്ത അഞ്ഞൂറോളം ഡാമുകള്‍ക്കു വേണ്ടി അഞ്ചുകോടിയിലധികം ആദിവാസിക ളുടെയും ദളിതരുടെയും വീടുകളും കൃഷിയിടങ്ങളും വെള്ളത്തില്‍ മുക്കികഴിഞ്ഞിരുന്നു..... ആ സമയത്ത് രാജ്യത്തെ 20 കോടിയോളം ആളുകള്‍ക്ക്  കുടിവള്ളം പോലും ലഭ്യമായിരുന്നില്ല.......
    മോഹന്‍ദാസിന്റെ അച്ഛന്‍ കാബാദാസ് ടി.ബി ബാധിച്ച് ചോര ശര്‍ദ്ദിച്ച് മരിക്കുകയും, അമ്മ പുതലിബായിയുടെ കാഴ്ച ഏതോ സൗജന്യ നേത്ര ചികിത്സാ ക്യാംപില്‍ വെച്ച്  നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ വിധു വിനോദ് ചോപഡയുടെ സിനിമ 'മുന്നാ ഭായ് എം.ബി.ബി.എസ്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ജോര്‍ജ് ബുഷും, ടോണി ബ്ലെയറും അവരവരുടെ രാജ്യങ്ങളില്‍ വീണ്ടും ഇലക്ഷന്‍ ജയിച്ച് അധികാരത്തില്‍ വന്നിരുന്നു. അമേരിക്കയുടെ തടവില്‍ ഭിക്ഷക്കാരനായ ഫക്കീറിനെപ്പോലെ താടി വേദന നിര്‍ഭരമായ മുഖവുമായി സദ്ദാം ഹുസൈന്‍ അറബിയില്‍ കവിത എഴുതാന്‍ തുടങ്ങിയിരുന്നു, മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍  നടപ്പിലാക്കിയ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി വിശ്വനാഥ് പ്രധാപ് സിംഗിന് ക്യാന്‍സര്‍ ബാധിക്കുകയും കിഡ്‌നി ഫെയിലാവുകയും ചെയ്തു.  അദ്ദേഹം ജെ.പി.യെ പോലെ  ഡയാലിസിസിലായിരുന്നു...... ബഗ്ദാദിലെ അബു ഗരീബ് ജയിലില്‍ ഒരു അമേരിക്കന്‍ ലേഡി ഓഫീസര്‍ ഇറാക്കികളായ പുരുഷ തടവുകാരെ  നഗ്നരാക്കി ഒരാളെ മറ്റൊരാളുടെ പുറത്ത് കൂട്ടിയിട്ട് ഒരു പിരമിഡ് പോലെയാക്കി മാറ്റി, എന്നിട്ട് അമേരിക്കന്‍ പതാകയുമേന്തി  അവര്‍ക്ക് മുകളില്‍  കയറി നില്‍ക്കുകയായിരുന്നു.....
    “മോഹന്‍ദാസ്” ഇതിനോടകം ഇംഗ്ലീഷടക്കമുള്ള വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. കന്നഡ, മറാഠി, മൈഥിലി,ഒറിയ തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലേക്കും ഭാഷാന്തരണം നടന്നു  കഴിഞ്ഞ ഈ കൃതിക്ക് 2010 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കുകയുണ്ടായി. ഇതാദ്യമായാണ്, ഒരു കഥക്ക് അക്കാദമി അവാര്‍ഡ് നല്‍കുന്നത്. മാത്രമല്ല ഈ കൃതി മോഹന്‍ദാസ് എന്ന പേരില്‍ തന്നെ കഴിഞ്ഞ  വര്‍ഷം സിനിമയായി പുറത്തു വന്നു. ആദ്യ വായനയില്‍ തന്നെ ഈ കൃതി മലയാളത്തില്‍ വായിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവാണ് ഇത് വിവര്‍ത്തനം ചെയ്യാനുള്ള പ്രഥമ പ്രേരണ. ഉദയപ്രകാശിന്റെ മാതൃഭാഷയായ ഛത്തീസഗഢിയുടെ ശൈലിയും പ്രയോഗങ്ങളുമാണ് മൂലകൃതിയില്‍ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. പലതവണ അദ്ദേഹത്തെ നേരില്‍ കണ്ടും, ഫോണിലും, ഇ-മെയിലിലും, ഫേസ് ബുക്കിലൂമൊക്കെ ബന്ധപ്പെട്ടാണ് ആ പ്രയാസങ്ങളെ മറികടക്കാനായത്. ഉദയപ്രകാശുമായുള്ള എന്റെ ആത്മ ബന്ധം ഇതിന്റെ പരിഭാഷ സുഗമമാക്കു ന്നതിനും പ്രയാസങ്ങളെ മറികടക്കുന്നതിനും സഹായകരമായി.
    ഈ കൃതി  മലയാളത്തില്‍ പുറത്തിറങ്ങുമ്പോള്‍ പ്രൊഫസര്‍. എം.എസ് വിശ്വംഭരന്‍ സാറിനോടുള്ള എന്റെ കടപ്പാട് വാക്കുകള്‍ക്കപ്പുറമാണ്. സാറിന്റെ നിര്‍ദ്ദേശങ്ങള്‍ ഏറെ സഹായകരമായിട്ടുണ്ട്. വിവര്‍ത്തനത്തെ കുറിച്ചുള്ള കുറിപ്പിനും മുഖ ചിത്രത്തിനും, ഫേസ് ബുക്കിലുടെ അഭിനന്ദനങ്ങള്‍ അറിയിച്ച പ്രൊഫസര്‍ ജയമോഹന്‍ സാറിനും,  പ്രോഫസര്‍. ജി. ഗോപിനാഥന്‍ നായര്‍ക്കും, ഫിന്ദി മേഖലയിലെ സുഹൃത്തുക്കള്‍ക്കും, ഞാന്‍ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, എഴുത്തു കാരനും, വിവര്‍ത്തകനും മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മുന്‍ അധ്യാപകനുമായ പ്രൊഫസര്‍ വി.ഡി.കൃഷ്ണന്‍ നമ്പ്യാര്‍ സാറിനും, വാക്കുകള്‍ കണ്ടെത്തുന്നതിനും, കൃത്യമായി അത് വിന്യസിക്കുന്നതിനും സഹായിച്ച ഡോ. ഇ.എം. അന്നാസാലിക്കും, എപ്പോഴും പ്രേരണയും കമ്പ്യൂട്ടര്‍ സംബന്ധിയായ എല്ലാ സഹായങ്ങളും ചെയ്ത് തന്ന ആന്‍ സൂര്യക്കും, അനുശ്രീക്കും, ഏറ്റവും ഭംഗിയായി ഇതിന്റെ പ്രസിദ്ധീകരണം നിര്‍വ്വഹിച്ച ഗുലാബിനും, മുഖക്കുറിപ്പ് എഴുതിയ എന്റെ ജേഷ്ഠ സുഹൃത്ത് കെ.ഇ.എന്‍ നോടുമുള്ള സ്‌നേഹവും നന്ദിയും ഇതോടൊപ്പം അറിയുക്കുന്നു.

10-11-11                                                        ഡോ.എന്‍.എം.സണ്ണി.

No comments:

Post a Comment